പെൺക്കുട്ടികൾക്ക്
അവരുടെ സൗന്ദര്യം കൊണ്ടു മാത്രം വലിയ കാര്യമൊന്നുമില്ലെന്ന് എനിക്ക് മനസ്സിലാക്കി തന്നത് എന്റെ ആ പഴയ കോളേജ് കാലഘട്ടമായിരുന്നു.....!
ആ കാലത്ത്
ഞാനടക്കമുള്ള കോളേജിലെ സകല പെൺക്കുട്ടികൾക്കും ഒരുപാട് ഭയമുള്ള...,
ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ
ആ കോളേജിലുണ്ടായിരുന്നു....!!!
ഒരു അസുരവിത്ത്....!!!
കോളേജ് അക്കാലത്തു കണ്ട ഏറ്റവും വലിയ തല്ലിപ്പൊളി....!!
ഞാനവനെ കാണുമ്പോൾ എന്റെ പോസ്റ്റ്ഗ്രാജുവേഷൻ ക്ലാസ്സിൽ അവനുമുണ്ട്...,
പക്ഷെ ആശാൻ ഒറ്റ ക്ലാസ്സിൽ പോലും വരാറില്ല,....,
നാട്ടുരാജാവും കോടീശ്വരനുമായ അപ്പന്റെ ഏകമകൻ....,
കുടുംബത്തിന്റെ ധൂർത്തപുത്രൻ.....!!
പണം കൊണ്ടും അധികാരം കൊണ്ടും കൈയൂക്കു കൊണ്ടും കോളേജ് ഭരിക്കുന്നവൻ....!!
പണം കൊണ്ട് നെറികേടുകൾ മാത്രം ചെയ്യാനറിയുന്നവൻ....!!
അവനെന്ത് തോന്നുന്നുവോ അതെല്ലാം തനിഷ്ടം പോലെ നടപ്പിലാക്കുന്ന ഏകാധിപതി....!
കള്ള് , കഞ്ചാവ് , പെണ്ണ് ,
പണം , തല്ലുകൂടൽ, പാർട്ടികൾ , ഒാവർസ്പീഡ് ,
അശ്രദ്ധമായ ഡ്രൈവിങ്ങ് ,
മറ്റുള്ളവരുടെ കണ്ണിലെ ഭയം കാണുന്നതിലുള്ള ത്രിൽ ,
നിഷേധിയെന്നോ...,
താന്തോന്നിയെന്നോ...,
തന്റെടിയെന്നോ...,
തനിഷ്ടക്കാരന്നെന്നോ...,
തെമ്മാടിയെന്നോ...,
റൗഡിയെന്നോ...,
നാട്ടുപ്രമാണിയെന്നോ....,
മാടമ്പിയെന്നോ....,
തുടങ്ങി ഏതു വിശേഷണങ്ങൾക്കും അധിപൻ....!!
രണ്ടു കാരണങ്ങൾ കൊണ്ട് മാനേജ്മെന്റിനവനെ ഒഴിവാക്കാനാവുമായിരുന്നില്ല....,
ഒന്നവന്റെ അപ്പന്റെ പണവും പ്രതാപവും സ്വാധീനവും...,
രണ്ട് അവന്റെ കോളേജ് ജീവിതം നീട്ടി കൊണ്ടാവാനാണെങ്കിൽ കൂടി റിസൾട്ട് വരുമ്പോൾ ഫസ്റ്റ് ക്ലാസ്സ് മാർക്കോടെ അവൻ പഠിച്ച് പാസാവും.....!
കോളേജിൽ ഈ കാര്യങ്ങളെല്ലാം അതിന്റെതായ രീതിയിൽ കത്തി നിന്ന കാലയളവിൽ തന്നെയാണ്....,
അന്നത്തെ കോളേജ് പ്രൊഫസറായിരുന്ന ഫാദർ നെൽസൻ ജേക്കബ് അന്ധരായ വിദ്യാർത്ഥികളെ കൂടി കോളേജിന്റെ ഭാഗമാക്കാൻ അവിടെ അവർക്കായുള്ള ബ്രെയിലി ലിപി ക്ലാസ്സുകൾ തുറന്നത്...,
പുതിയ ബാച്ചിൽ ആ വർഷം ആകെ നാലു പേരാണുണ്ടായിരുന്നത് മൂന്നു ആൺക്കുട്ടികളും ഒരു പെൺക്കുട്ടിയും....!!
ആ പെൺക്കുട്ടിയാണേൽ അനാഥയും ക്ഷയിച്ചു പോയ ഒരു പഴയ ഇല്ലത്തെ നമ്പൂതിരിക്കുട്ടിയും....,
തൊലിവെളുപ്പും അനാഥയും കാഴ്ച്ചയില്ലെന്ന ധൈര്യവും അവന്റെ
കാമം തക്കം പാർത്തിരിക്കുന്ന കഴുകൻ കണ്ണുകൾ അവളിലും പതിഞ്ഞിട്ടുണ്ടെന്ന് അറിവായതോടെ ഞങ്ങൾ പരിഭ്രാന്തരായി...,
അവനവളെ തന്റെ വരുതിയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവനവളെ പലയിടത്തും വെച്ച് ഇരയെ തിരയുന്ന വേട്ടമൃഗത്തെ പോലെ ഒറ്റു നോക്കുന്നുണ്ടെന്നും അതു കാണാനിടയായ കൂട്ടുക്കാരികൾ വന്നു പറഞ്ഞപ്പോൾ...,
അവനവളെ എങ്ങാനും തൊട്ടാൽ അവന്റെ മരണം എന്റെ കൈ കൊണ്ടാവുമെന്ന് ഞാനും ഉറപ്പിച്ചു....!!
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം അവൾ ഇരിക്കുന്നതിനടുത്തു വന്ന് അവളോടെന്തോ ചോദിച്ച് അവൾക്കരുകിൽ നിന്നു നടന്നകലുന്ന അവനെയാണ് ഞങ്ങൾ കാണുന്നത്....,
ഞങ്ങളവളുടെ അടുത്തു ചെല്ലുമ്പോൾ
അവൾ കരയുകയായിരുന്നു....,
ഞങ്ങളവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കരഞ്ഞു കൊണ്ടെയിരുന്നു....,
മാത്രമല്ല അവനോടുള്ള പേടി കൊണ്ട് സംസാരിക്കാൻ കൂടി അശക്തയായിരുന്നു അവൾ...,
എങ്ങിനെ പേടിക്കാതിരിക്കും വന്ന അന്നു തന്നെ അറിഞ്ഞിരിക്കുമല്ലൊ അവന്റെ സ്വഭാവഗുണങ്ങൾ....,
അതിനടുത്ത ദിവസം അവൾ വരുമെന്നു പോലും ഞങ്ങൾ കരുതിയില്ല...,
പക്ഷെ തന്റെ മുന്നോട്ടുള്ള ഏക ജീവിതമാർഗ്ഗമാണ് ഈ പഠിപ്പെന്നുള്ളതു കൊണ്ട് രണ്ടും കൽപ്പിച്ച് പാവം അവൾ വന്നു....,
അതോടെ അവനോടുള്ള ഞങ്ങളുടെ വെറുപ്പ് അതിന്റെ ആയിരം മടങ്ങായി....,
അതിനിടയിൽ ഒരു തല്ലുകേസിൽ പെട്ട് അവൻ ലോക്കപ്പിലായി ഞങ്ങൾക്കെല്ലാം സന്തോഷവുമായി....,
കുറച്ചു ദിവസങ്ങൾക്കു ശേഷം പരീക്ഷയായി...,
അത് ഒരു കണക്കിനു നന്നായി
ആനക്കു മദപാട് കാലം പോലെ
അവന്റെ ചെയ്തികൾക്കെല്ലാം ഒരയവു വരുന്നത് പരീക്ഷാക്കാലങ്ങളിൽ മാത്രമാണ്....!
പക്ഷേ ഞങ്ങളുടെ കണക്കുക്കൂട്ടലുകൾക്കപ്പുറത്ത് ആയിരുന്നു അവന്റെ നീക്കം....,
ആ ദിവസം ഞാനൊരിക്കലും മറക്കില്ല....,
പരീക്ഷയുടെ അവസാന ദിവസം
പരീക്ഷ തീർന്നു കിട്ടാൻ
കാത്തു നിൽക്കുകയായിരുന്നു
ആ സാമദ്രോഹിയെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു....,
പരീക്ഷയെല്ലാം കഴിഞ്ഞ് ഒരോന്നു പറഞ്ഞു കൊണ്ടിരുന്ന ഞങ്ങൾക്കിടയിലെക്ക് പെട്ടന്നാണവൻ കടന്നു വന്നത് ....
അവനൊന്ന് തറപ്പിച്ചു നോക്കിയതോടെ ഞങ്ങൾ ഭയനു വിറച്ച് അവൾക്കരികിൽ നിന്നു എഴുന്നേറ്റ് മാറി....,
ഞങ്ങൾ മാറിയതും അവനവൾക്കു മുന്നിലേക്കു വന്ന് അവളോടെന്തോ
പറഞ്ഞ് അവളെയും കൂട്ടി മുന്നോട്ട് നടന്നു...
തുടർന്ന് നിർത്തിയിട്ടിരുന്ന അവന്റെ ജീപ്പിൽ അവളെയും കയറ്റി കൊണ്ടു പോകുന്നത് ഭയത്തോടെയും വേദനയോടയും നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളൂ.....,
എനിക്കെന്നോടു തന്നെ ലജ്ജ തോന്നിയ നിമിഷമായിരുന്നു അത്...,
" അവനാരോ ആയി കൊള്ളട്ടെ "
പക്ഷെ തങ്ങളുടെ മുന്നിൽ നിന്നും കൂട്ടത്തിലൊരുവളെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി
ബലമായ് കൂട്ടി കൊണ്ടു പോകുമ്പോൾ സ്വന്തം സുരക്ഷിതത്വം മാത്രം ഒാർത്ത് അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാനാവാതെ.....,
ഛെ......!
എനിക്കു എന്നോടു തന്നെ പുച്ഛം തോന്നി....,
ഇതിലും ബേധം അവനാൽ
പരസ്യമായി താൻ ബലാൽസംഘം ചെയ്യപ്പെട്ട് അഭമാനിതയാവുക
ആയിരുന്നു നല്ലതെന്ന്
എന്റെ മനസാക്ഷി പോലും എന്നെ കുറ്റപ്പെടുത്തി....,
അന്ന് ഏറെ വൈകിയിട്ടും അവൾ മടങ്ങി വന്നില്ല...,
ക്രൂരമായിരുന്നു ഹോസ്റ്റലിലെ ആ രാത്രി...,
അരുതാത്തതെന്തോ അവൾക്കു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലായിട്ടും അതിനെതിരെ പ്രതികരിക്കാൻ
ഞങ്ങളുടെ നാവു പൊന്തിയില്ല....,
അവനവിടെ മുളപ്പിച്ച പേടിയെന്ന വിഭത്തിനെ അത്രയേറെ സകലരും ഭയപ്പെട്ടിരുന്നു....!
സമയം ചെല്ലും തോറും അവിടെ കൂട്ടം കൂടിയവരിൽ പലരും കളം വിട്ടു പോയെങ്കിലും എനിക്കുറക്കം വന്നില്ല....!
ഇരുട്ടിന്റെ കാഠിന്യവും നിശബ്ദ്ധതയുടെ ആഴവും കൂടി വന്നെങ്കിലും...,
അതിനെ അവനെതിരെ ആയുധമാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ....,
ആ രാത്രി വെളുക്കുവോള്ളം എന്നുള്ളിലെ സകല പ്രതികരണശേഷിയേയും അവനെതിരെ പ്രതികരിക്കാനുള്ള ഊർജ്ജമാക്കി മാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടെയിരുന്നു....,
അവൾക്കു വേണ്ടി സ്വയം കത്തിജ്വലിക്കാനും അവനെതിരെ തിരിയാനും ഞാൻ തീരുമാനിച്ചു...,
ഇനി അഥവ മാനേജ്മെന്റ് അവനെതിരെ നടപടിയെടുത്തില്ലെങ്കിൽ പോലും...,
അവനെതിരെ പോലീസിൽ പരാതിപ്പെടാൻ തന്നെ ഞാൻ തീർച്ചപ്പെടുത്തി....!
നേരം പരപരാ വെളുത്തു തുടങ്ങിയതു മുതൽ എന്നിലെ സ്ത്രീ ആളി കത്തി.....,
വരുന്നതെന്തും നേരിടാൻ തയ്യാറായി ഞാനും ഒരുങ്ങി....,
പക്ഷെ നേരം വെളുത്തതും കാട്ടുതീ പോലെ ആ വാർത്തയെത്തി....,
വിശ്വസിക്കാനാവാത്ത വിധം ഞാനും അന്താളിച്ചു പോയി....,
അതു വിശ്വസിക്കാൻ ഞാനൊന്നു മടിച്ചു....,
സംഭവം സത്യം തന്നെയായിരുന്നു....,
എങ്കിലും മേരി സിസ്റ്റർ പറഞ്ഞപ്പോഴാണ് ഞാൻ പൂർണ്ണമായി അതു വിശ്വസിച്ചത്....,
അവനവളെ വിവാഹം കഴിച്ചിരിക്കുന്നു എന്ന്...!!!
ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു.....,
പരീക്ഷ കഴിയാൻ കാത്തു നിന്ന്
അപ്പന്റെ പണത്തിനും പ്രതാപത്തിനും പിടി കൊടുക്കാതെ മനസ്സിനിഷ്ടപ്പെട്ടവളെയും കൂട്ടി ജീവിതത്തോട് പൊരുതി ജീവിക്കാൻ അവനവന്റെ വഴി തിരഞ്ഞെടുത്തിരിക്കുന്നു
തുടർന്ന് ഇന്നലെ തന്നെ അവർ എങ്ങോട്ടോ ട്രെയിൻ കയറിയിരിക്കുന്നു....!!!
അതോടെ മനസിലെ മഞ്ഞുരുകാൻ തുടങ്ങി....,
പിന്നീട് അതുമായി പൊരുത്തപ്പെടാനാവുമോ എന്നറിയാൻ ഞാൻ പുറകോട്ടു ചിന്തിക്കാൻ ശ്രമിച്ചു....,
അപ്പോൾ പ്രത്യക്ഷത്തിൽ അപ്രത്യക്ഷമായിരുന്ന പലതും മറ നീക്കി പുറത്തു വരാൻ തുടങ്ങി....,
അതു പ്രകാരം ഞാനറിഞ്ഞതിൽ ഒന്ന്
കാമുകിയെ സ്വന്തമാക്കാൻ തന്റമ്മയെ കൊന്നു കളഞ്ഞ അപ്പനോടുള്ള പ്രതികാരമായിരുന്നു അവന്റെ ജീവിതമെന്ന്....,,
മറ്റൊന്ന്
സാധാരണ ഒരാൾ അവളെ പോലെ ഒരാളുടെ കാര്യത്തിൽ എത്ര ശ്രമിച്ചാലും അതിന്റെ പരിണിതഫലങ്ങളെ കുറിച്ചാലോചിച്ച് വേണ്ടന്നു വെക്കുകയെന്ന എളുപ്പമാർഗ്ഗം സ്വീകരിക്കാനാണു സാധ്യത....,
അപ്പോൾ ഇതു പോലെ ഒരു തീരുമാനം എടുക്കാനും അത് നടപ്പിൽ വരുത്താനും ആണായി പിറന്നാൽ മാത്രം പോര ചങ്കുറപ്പു കൂടി വേണം....,
അവനെ പോലെ നിഷേധിയും താന്തോന്നിയും തന്റെടിയും
വഴക്കാളിയും
തനിഷ്ടക്കാരനും
കുറച്ചൊക്കെ തെമ്മാടിയുമായ ഒരുവനു മാത്രം കഴിയുന്ന ഒന്നായിരുന്നു അത്....!!
പിന്നെ
ഇതെല്ലാം ഇപ്പം ഇവിടെ പറയാൻ കാരണം
ആ സംഭവത്തിനു ശേഷം വർഷങ്ങൾക്കപ്പുറം ഇന്നാണവരെ വീണ്ടും കാണുന്നത്....!
കൂടെ അന്നത്തെ പല സംശയങ്ങൾക്കുമുള്ള മറുപടിയും ഇന്നു കിട്ടി...,
ഇതെങ്ങനെ സംഭവിച്ചു എന്ന എന്റെ ചോദ്യത്തിനു...,
അവൾ പറഞ്ഞു...,
എന്റെ ഇതേ ചോദ്യത്തിനുള്ള അവരുടെ മറുപടി...,
കൂട്ടിന് അമ്മയില്ലാതെയും.., അച്ഛനുണ്ടായിട്ടും ഇല്ലാത്തതിനു തുല്ല്യമായും ജീവിക്കുന്ന ഒരാൾക്ക്.....,
അച്ഛനും അമ്മയും ഇല്ലാത്തതിന്റെ കൂടെ കാഴ്ച്ച ശക്തിയും കൂടി നഷ്ടമായ ഒരാളുടെ വിഷമം എളുപ്പം മനസ്സിലാവും എന്നു മാത്രമാണ് പറഞ്ഞത്....,
അവളന്ന് കരഞ്ഞത് സങ്കടം കൊണ്ടല്ലെന്നും..,
അവൻ ചെയ്തിട്ടുള്ള സകല തെറ്റും
അവളോടെറ്റു പറഞ്ഞ് അവനവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അവൾ ആലോചിച്ചത് കണ്ണില്ലാത്ത തന്റെ മുന്നിൽ നിന്നും എന്തും മറച്ചു പിടിക്കാമായിരുന്നിട്ടും അതിനൊന്നും മുതിരാതെ അതേറ്റു പറഞ്ഞ്
അനാഥയായ തന്നെ കൂടെ ഒന്നിച്ച് ജീവിക്കാൻ ക്ഷണിച്ചപ്പോൾ
കരഞ്ഞതല്ല സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോകുകയായിരുന്നുവത്രെ....
കൂടെ കോളേജിലെ ആരെങ്കിലും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അവന്റെ പേരു പറഞ്ഞോള്ളാൻ കൂടി അവൻ അവളോട് പറഞ്ഞു
അവളുടെ സംരക്ഷകനായതിന്റെയും ആനന്ദകണ്ണീരായിരുന്നു അവയെല്ലാം...,
എന്നിട്ടും അതിനേക്കാളൊക്കെ ഏറെ എന്നെ അത്ഭുതപ്പെടുത്തിയത്....,
ചുറ്റും എല്ലാം കൊണ്ടും
എല്ലാം തികഞ്ഞവരെന്ന് സ്വയം വിശ്വസിക്കുന്ന ഞാനടക്കമുള്ള നൂറു കണക്കിനു സുന്ദരിമാർ ആ കോളേജിൽ ഉടുത്തും ഒരുങ്ങിയും തെക്കു വടക്ക് നടന്നിട്ടും ഞങ്ങളിൽ ഒരാളുടെ മുഖം പോലും അവന്റെയുള്ളിൽ പതിഞ്ഞില്ലെന്നതാണ്.....,
എല്ലാം കൂടി ചേർത്തു വായിച്ചതോടെ,
ഇപ്പോൾ ഒന്നെനിക്കറിയാം....,
ഒരു പെണ്ണ് അവൾ ഏറ്റവും സുന്ദരിയായി മാറുന്നത് അവളുടെ മുഖം അതീവസുന്ദരമായി തീരുമ്പോഴല്ല...,
മറിച്ച്....,
ആ പെണ്ണ് അവൻ ആഗ്രഹിക്കുന്ന രീതിയിൽ അവന്റെ മനസ്സിലും ജീവിതത്തിലും അവൾ അതായി തീരുമ്പോഴാണ്....!!!!